കാത്തിരുന്നു കാത്തിരുന്ന് കാനറികൾ കരഞ്ഞ 981 ദിവസങ്ങൾ. ഒരു മായാജാലക്കാരൻ ബ്രസീലിൻ്റെ പത്താം നമ്പർ കുപ്പായവുമിട്ട് മൈതാനത്ത് തൻ്റെ മാന്ത്രികവിദ്യകൾ തുടരാനായി കണ്ണിലെണ്ണയൊഴിച്ച കാലങ്ങൾ. പരിക്കുകൾക്ക് മാത്രമാണ് അയാളെ എന്നും പുറത്തിരുത്താൻ കഴിഞ്ഞത്. അയാളുടെ അസാമാന്യവേഗവും ഡ്രിബ്ലിംഗും തലച്ചോറ് കൊണ്ട് പന്തുതട്ടുന്ന മാന്ത്രിക നീക്കങ്ങളും തടഞ്ഞുനിർത്താൻ ലോകത്തെ ഒരു പ്രതിരോധക്കോട്ടക്കും കഴിഞ്ഞിട്ടില്ല. അയാളെ തടഞ്ഞു നിർത്താൻ ഫൗൾ ചെയ്യാതെ നിർവാഹമില്ലെന്ന് കൊളംബിയയുടെ സുനിഗക്കും ഫുട്ബോൾ ലോകത്തെ മറ്റനേകം പ്രതിരോധ താരങ്ങൾക്കും നന്നായിട്ടറിയാം. പക്ഷേ അയാൾ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു. ബ്രസീലിൻ്റെ മഞ്ഞക്കുപ്പായത്തിലെ തിരിച്ചുവരവിനായി കിനാവു നെയ്ത ദിവസങ്ങൾ ഏറെയാണ്. മൂന്നു വർഷങ്ങൾക്കുശേഷം കാനറിപ്പടയിലേക്ക് ജോഗോ ബൊണീറ്റോയുടെ സൗകുമാര്യതയുമായി നെയ്മർ തിരിച്ചെത്തിയിരിക്കുകയാണ്. മയാമിയിലെ 15 മിനിറ്റുകളിൽ തന്നെ അയാൾ വലിയ സൂചനകൾ നൽകിയിട്ടുണ്ട്. കാലമേ, കൺതുറന്നു കാണുക. മുറിവേറ്റ സിംഹത്തിൻ്റെ ശ്വാസം ഗർജനത്തെക്കാൾ ഭയാനകമാണെന്ന് ഓർമിക്കുക. കാലത്തിന് കാവ്യനീതിയുണ്ട്. കളി ദൈവങ്ങൾക്ക് കനിവുണ്ട്. ഇനിയും അയാളെ മറന്നുകൊണ്ട് ആർക്കും തിരിഞ്ഞുനടക്കാനാകില്ല. കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ അയാൾ കാൽപന്തിന്റെ കനക കിരീടം റിയോ ഡി ജനീറോയിലേക്ക് കൊണ്ടുവരുമെന്നുമുള്ള വലിയ പ്രതീക്ഷയിലാണ് കാനറികൾ.
Tags
worldcup
