ബെർമിംഗ്ഹാമിന്റെ തെരുവുകളിൽ നിന്ന് യൂറോപ്പിന്റെ രാജകുമാരനായി വളർന്നൊരു പയ്യൻ. ജൂഡ് ബെല്ലിങ്ഹാം!

ഒരു കായികതാരത്തിന്റെ വളർച്ച മാത്രമല്ല. കഠിനാധ്വാനത്തിന്റെയും അസാധാരണമായ മനക്കരുത്തിന്റെയും സുന്ദരകാവ്യമാണ്.

ജൂഡ് തൻ്റെ കരിയർ വളരെ ലളിതമായാണ് തുടങ്ങിയത്. ജന്മനാടായ ബെർമിംഗ്ഹാം സിറ്റിയിൽ, പതിനാറാം വയസ്സിലാണ് അവൻ പന്തുരുട്ടിത്തുടങ്ങിയത്.  അന്ന് ആ കളിമുറ്റത്ത്അ വൻ കാണിച്ച പക്വതയും പോരാട്ടവീര്യവും കണ്ട് ഫുട്ബോൾ അത്ഭുതപ്പെട്ടു.  അവൻ ആ ക്ലബ്ബ് വിടുമ്പോൾ, ആ കൗമാരക്കാരൻ ധരിച്ച ഇരുപത്തിരണ്ടാം നമ്പർ ജഴ്സി മറ്റാർക്കും കൊടുക്കാതെ അവർ മാറ്റിവെച്ചു. ആ ജഴ്സി റിട്ടയർ ചെയ്തുകൊണ്ട് ബെർമിംഗ്ഹാം കാണിച്ച ആർജ്ജവം തന്നെയായിരുന്നു അവനിലെ പ്രതിഭയുടെ ആദ്യത്തെ അടയാളം.


അവിടെനിന്നാണ് ബെല്ലിങ്ഹാം ജർമനിയിലെ ബൊറൂസിയ ഡോട്ട്മുണ്ടിലേക്ക് ചേക്കേറുന്നത്.


കഠിനമായ ടാക്റ്റിക്സുകൾ നിറഞ്ഞ ജർമ്മൻ ലീഗിൽ, കൗമാരത്തിന്റെ ചാപല്യങ്ങളൊന്നുമില്ലാതെ പന്തുതട്ടി അവൻ മധ്യനിരയുടെ ജനറലായി മാറി.


സിഗ്നൽ ഇഡൂന പാർക്കിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി അവൻ പോരാടിക്കൊണ്ടിരുന്നു. 


ഒരേസമയം പ്രതിരോധ കോട്ട കാക്കാനും, അതേ ശ്വാസത്തിൽ എതിർ ബോക്സിലേക്ക് ഇരച്ചുകയറി ഗോൾ നേടാനും ഗോളിലേക്ക് വഴിതുറക്കാനും അവന് സാധിച്ചു.


ഒടുവിൽ, ബുന്ദസ്‌ലിഗയിലെ ഏറ്റവും മികച്ച കളിക്കാരനെന്ന പട്ടവുമായാണ് ആ ചെറുപ്പക്കാരൻ ജർമ്മനി വിട്ടത്.


ബുണ്ടസ് ലീഗയിൽ നിന്ന് പിന്നീട് അവൻ നടത്തിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വലിയ ചുവടുവെപ്പാണ്.


റയൽ മാഡ്രിഡിന്റെ പ്രതാപചരിത്രമുള്ള വെള്ളക്കുപ്പായം അണിഞ്ഞ് അവൻ സാന്റിയാഗോ ബെർണബ്യൂവിലേക്ക് നടന്നിറങ്ങി. 


ആദ്യ സമയത്ത് അവന് വിമർശകരുടെ ഒച്ച കേട്ടിരുന്നു. ആ സമ്മർദത്തിന്റെ ഭാരം താങ്ങാൻ അവനാകില്ലെന്ന് അവർ വിധിയെഴുതി ആശ്വസിച്ചു. 


പക്ഷേ, സിനദിൻ സിദാന്റെ വിഖ്യാതമായ അഞ്ചാം നമ്പർ ജഴ്സി ചുമലിലേറ്റിയ ബെല്ലിങ്ഹാം, റയലിന്റെ മധ്യനിരയിൽ ഒരു കൊടുങ്കാറ്റായി മാറി.


കളി മെനയുന്ന അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ നിന്ന് അവൻ ഗോളുകൾ അടിച്ചുകൂട്ടി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം റയലിനായി ആദ്യ മത്സരങ്ങളിൽ തുടരെ ഗോളടിച്ച മറ്റൊരു താരം അവനായി മാറി. 


ഒരു ഡിഫെൻസീവ് മിഡ്ഫീൽഡറുടെ കഠിനാധ്വാനവും, കൃത്യതയാർന്ന ടാക്ലിംഗ് മികവും, ഒരു പ്ലേമേക്കറുടെ ചടുലതയും, ഒരു ക്ലിനിക്കൽ സ്ട്രൈക്കറുടെ ഫിനിഷിംഗ് പാടവവും ഒരേസമയം കാണാനാവുമെന്നതാണ് ജൂഡിൻ്റെ പ്രത്യേകത.


ആറടി ഒന്നിനടുത്ത് ഉയരമുള്ള ജൂഡിന്റെ കായികബലം ഡിഫെൻഡർമാർക്ക് പലപ്പോഴും പേടിസ്വപ്നമാണ്.


വളരെ ഇടുങ്ങിയ സ്പേസുകളിൽ പന്ത് കാലിൽ ഒതുക്കി അനായാസമായ ഡ്രിബ്ലിംഗിലൂടെ അവൻ എതിരാളികളെ വെട്ടിയൊഴിയാറുണ്ട്.


മൈതാനത്തെ മുഴുവൻ ഒറ്റനോട്ടത്തിൽ അളന്നെടുക്കുന്ന അസാധാരണമായ കളിവിഷനും ജൂഡിൽ കാണാം. 


പ്രതിരോധ കോട്ടകളുടെ വിടവുകളിലൂടെ അവൻ മെനഞ്ഞെടുക്കുന്ന ചാൻസ് ക്രിയേഷനുകളാണ് കളിയിലെ താളം നിശ്ചയിക്കുന്നത്.


 തനിക്ക് തന്നെ ഗോൾ നേടാൻ അവസരമുണ്ടായിട്ടും ഒപ്പമുള്ള സഹതാരത്തിന് പന്ത് കൈമാറുന്ന നിസ്വാർഥത അവനെ ഒരു യഥാർഥ ടീം പ്ലെയറാക്കുന്നതാണ്.


തോൽവി സമ്മതിക്കാത്ത ആ മെന്റാലിറ്റിയാണ് അവന്റെ ഏറ്റവും വലിയ കരുത്ത്. കളിയുടെ അവസാന സെക്കൻഡിൽ പോലും മത്സരം തങ്ങളുടേതാക്കി മാറ്റാൻ കഴിയുമെന്ന ആ അടിയുറച്ച ആത്മവിശ്വാസം അവനെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നുണ്ട്.


ഗോൾ അടിച്ച ശേഷം രണ്ടു കൈകളും ഇരുവശങ്ങളിലേക്കും വിടർത്തി, തലയുയർത്തി നിൽക്കുന്ന അവന്റെ ആ പ്രശസ്തമായ സെലിബ്രേഷനിൽ പോലുമുണ്ട് ഈ ലോകം ഞാൻ കീഴടക്കുമെന്ന ആ പ്രഖ്യാപനം!


ഇപ്പോൾ ലോകകപ്പിന്റെ വലിയ വേദികളിൽ നാം കാണുന്നത് ആ പോരാട്ടവീര്യത്തിൻ്റെ പാരമ്യ സൗന്ദര്യണ്.


2026 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ത്രീ ലയൺസ് ജഴ്സിയിൽ ഇതിനകം 6 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും ഒരു അസിസ്റ്റുമായി അവൻ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. 


ഒരു മിഡ്ഫീൽഡർ ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുമ്പോൾ, അത് കേവലം ഭാഗ്യമല്ല, മറിച്ച് കഠിനാധ്വാനത്തിന്റെ ജീവനുള്ള അടയാളമാണ്.


മൈതാനത്ത് ഒഫൻസിലും ഡിഫൻസിലും ഒരുപോലെ ചോരയും നീരുമൊഴുക്കി അവൻ പോരാടുമ്പോൾ, ഗാലറികൾ വിറകൊള്ളുകയാണ്.


റയൽ മാഡ്രിഡിലും ജർമ്മനിയിലും അവൻ കാത്തുവെച്ച ആ മാന്ത്രികത ഇപ്പോൾ ഇംഗ്ലണ്ടിനായി ലോകവേദിയിൽ ആവർത്തിക്കപ്പെടുന്നു. 


ഇപ്പോൾ തോന്നുകയാണ്, ഇത് ജൂഡ് ബെല്ലിങ്ഹാമിന്റെ സമയമാണ്. കാൽപന്തുകളിയുടെ ചരിത്രത്തിലേക്ക് സുവർണാക്ഷരങ്ങളാൽ എഴുതിച്ചേർക്കപ്പെടുന്ന ഒരു രാജകുമാരന്റെ യുഗം!

Previous Post Next Post