കാൽപന്തിൻ്റെ കൗമാര വിസ്മയം

ചില നിയോഗങ്ങളുണ്ട്. ചരിത്രം മുൻകൂട്ടി എഴുതിവെച്ച ചില അത്ഭുതങ്ങൾ. ലോകത്തിൻ്റെ വിരിമാറിൽ ഒരു പത്തൊമ്പതുകാരൻ വേൾഡ്കപ്പ് കിരീടം ചൂടി ആനന്ദനൃത്തം ചവിട്ടുകയാണ്. പേര് ലമീൻ യമാൽ.

പതിനേഴാം വയസ്സിൽ ലോകഫുട്ബോളിൻ്റെ സിംഹാസനത്തിലേക്ക് നടന്നുകയറിയ കൗമാരക്കാരൻ. ഇത് ഇരുട്ടകറ്റി വെളിച്ചം പരത്തി ആകാശത്തെ നക്ഷത്രങ്ങളോളം ഉയർന്ന ഒരു പ്രതിഭയുടെ കഥ.

മൊറോക്കോക്കാരനായ പിതാവിൻ്റെയും ഇക്വറ്റോറിയൽ ഗിനിക്കാരിയായ മാതാവിൻ്റെയും മകനായി സ്പെയിനിലെ റോക്കാഫോണ്ട എന്ന തെരുവിലാണ് യമാലിൻ്റെ ജനനം.

ലമീൻ അറബിയിലെ അമീൻ എന്നും യമാൽ ജമാലെന്നുമാണ്. വിശ്വസ്തനും സുന്ദരനും എന്നിങ്ങനെയാണ് അവയുടെ അർഥങ്ങൾ. അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജൻ്റനയെ പരാജയപ്പെടുമ്പോൾ തൻ്റെ പേര് അന്വർഥമാക്കി വലതുവിങ്ങിൽ നിന്ന് ടീമിൻ്റെ വിശ്വസ്തനായി പടനയിച്ചവൻ. മൈതാനത്ത് കാൽപന്തിൻ്റെ സൗകുമാര്യത പകർന്നവൻ.

2007-ൽ, യൂനിസെഫിൻ്റെ ഒരു ചാരിറ്റി കലണ്ടറിനായി എത്തിയ ലയണൽ മെസ്സി പ്ലാസ്റ്റിക് ബാത്ത് ഡബ്ബിൽ ഒരു കുഞ്ഞിനെ കുളിപ്പിച്ചിരുന്നു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറാ ജോവാൻ മോൺഫോർട്ടാണ് തൻ്റെ ഫ്രെയിമിലേക്ക് അതു ചേർത്തുവെച്ചത്. തൻ്റെ കൈകളിൽ നിന്ന് ചിറകുകളുമായി പറന്നുയർന്ന് 19 വർഷങ്ങൾക്കു ശേഷം അർജൻ്റീനയെ ഒരു ലോകകപ്പ് ഫൈനലിൽ അവൻ തോൽപ്പിക്കുമെന്ന് മെസ്സി അന്നേരം ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല.

ബാഴ്സലോണയുടെ വിഖ്യാതമായ 'ലാ മാസിയ' അക്കാദമിയിലേക്ക് കാൽപ്പാടുകൾ പതിഞ്ഞതോടെയാണ് യമാലിൻ്റെ ചരിത്രം മാറുന്നത്.

നെയ്മറെയും മെസ്സിയെയും നെഞ്ചേറ്റിയ ആ കൗമാരക്കാരൻ വലതു വിങ്ങിൽ പന്തുമായി കുതിക്കുമ്പോൾ പ്രതിരോധഭടന്മാർ നിഴൽ പോലെ മാറിപ്പോകുന്നതും മൈതാനത്ത് വീണുപോകുന്നതും നമ്മൾ കാണുകയാണ്. 

അപാരവും അനിതര സാധാരണവുമായ ഡ്രിബ്ലിംഗ്, ബോഡി ഫെയിൻ്റുകൾ കൊണ്ട് എതിരാളികളെ കൺകെട്ട് വിദ്യയിലെന്നപോലെ പറ്റിക്കുന്ന വേഗം, ഒപ്പം മനോഹരമായ പാസിംഗ് ശൈലിയും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് യമാൽ.

വലതുവിങ്ങിൽ നിന്ന് ഉള്ളിലേക്ക് കട്ട്-ഇൻ ചെയ്ത്, പ്രതിരോധനിരയ്ക്ക് മുകളിലൂടെ ബോക്സിൻ്റെ മറുഭാഗത്തേക്ക് പായിക്കുന്ന മാന്ത്രികമായ 'ഇൻസ്‌വിങ്ങിംഗ് ക്രോസുകളും' എതിരാളികളുടെ ഡിഫെൻസീവ് ലൈനുകൾക്കിടയിലൂടെ അണുവിട തെറ്റാതെ നൽകുന്ന 'ത്രൂ ബോളുകളും യമാലിൻ്റെ കളിയഴക് വരച്ചുകാട്ടുന്നതാണ്.

പ്ലേമേക്കിംഗിലെ വൈവിധ്യം കൊണ്ട് അവൻ മൈതാനത്ത് കളി മെനയുകയാണ്. സെറ്റ് പീസുകളിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ കൗമാരക്കാരൻ്റെ ഇടംകാലുകൾക്ക് കഴിയുന്നുണ്ട്.


കൃത്യമായ വേഗത്തിലും വക്രതയിലും ബോക്സിലേക്ക് എത്തിക്കുന്ന കോർണറുകളിലൂടെയും ഫ്രീക്കിക്കുകളിലൂടെയും അവൻ പലപ്പോഴും എതിരാളികൾക്ക് അന്തകനാവും.


ചെറിയ കാലം കൊണ്ട് ബാഴ്സലോണയുടെയും സ്പെയിനിൻ്റെയും ജഴ്സിയിൽ അവൻ്റെ മാന്ത്രികവിദ്യകൾ നിരവധി തവണ പ്രതിഫലിച്ചതാണ്.


സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിനെതിരെ അവൻ നടത്തിയ മാച്ച് വിന്നിങ് പ്രകടനങ്ങൾ തന്നെ ശ്രദ്ധേയമാണ്.


ലാ ലിഗയിലെ ഒരു എൽക്ലാസിക്കോ ആവേശപ്പോരാട്ടത്തിൽ, സാന്റിയാഗോ ബെർണബ്യൂവിൻ്റെ നെഞ്ചകം പിളർത്തി അവൻ നേടിയ ചരിത്രഗോളും അതിൻ്റെ ബിൽഡ് അപ്പും ഏതൊരു ഫുട്ബോൾ പ്രേമിയെയും ആവേശത്തിൻ്റെ കൊടുമുടിയിലെത്തിക്കുന്നതാണ്.  


ലാ ലിഗ എൽ ക്ലാസിക്കോ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ആ പ്രകടനത്തിലൂടെ അവൻ സ്വന്തം പേരിൽ കുറിച്ചു.


2024 യൂറോകപ്പിൽ സ്പെയിനിൻ്റെ ചുവന്ന ജഴ്സിയിലേക്ക് എത്തിയപ്പോഴും തൻ്റെ കളിമികവിലൂടെ അവൻ ചരിത്രമെഴുതി. 


യമാലിൻ്റെ മിന്നും പ്രകടനം കണ്ട് ആരാധകർ വിസ്മയങ്ങളുടെ കൊടുമുടി കയറിയത് യൂറോകപ്പിലെ ഫ്രാൻസിനെതിരെയുള്ള സെമിഫൈനൽ പോരാട്ടത്തിലാണ്. മത്സരത്തിൻ്റെ 21-ാം മിനിറ്റ്. സ്പെയിൻ ഒരു ഗോളിന് പിന്നിൽ നിൽക്കുന്ന സമ്മർദഘട്ടം. ഫ്രഞ്ച് മധ്യനിരയെയും ഡിഫെൻഡർ വില്യം സാലിബയെയും ബോഡി ഫെയിൻ്റിലൂടെ വെട്ടിച്ച് ബോക്സിന് വളരെ അകലെ നിന്ന് യമാൽ തൊടുത്തുവിട്ട ആ ഇടംകാലൻ ലോങ് റേഞ്ചർ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം എഴുന്നേറ്റ് നിർത്തി കൈയടിപ്പിച്ചു.


മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ, വായുവിൽ വില്ലുപോലെ വളഞ്ഞ്, ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ മൈക്ക് മേഗ്നന് ഒരവസരവും നൽകാതെ പോസ്റ്റിൻ്റെ ഇടതുമൂലയിലേക്ക് തുളച്ചുകയറിയ ആ മാന്ത്രിക ഗോൾ സ്പെയിനിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.


ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾവേട്ടക്കാരനായി മാറിയ നിമിഷം. സമ്മർദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് ആ പതിനാറുകാരൻ ലോകത്തിന് കാണിച്ചുതന്നു.


ഗോളാകൃതിയിലുള്ള ഒരു വസ്തു അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ കറങ്ങിത്തിരിഞ്ഞു സഞ്ചരിക്കുമ്പോൾ അതിന്റെ ദിശ നേർരേഖയിൽ നിന്ന് മാറുന്നത് എന്തുകൊണ്ട്? ആ ചോദ്യത്തിന് മാഗ്നസ് പ്രഭാവം കൊണ്ട് എന്ന് പഠിച്ച ഫിസിക്സ് തിയറി ഓർത്ത് ഉത്തരമെഴുതാൻ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള കുട്ടികൾക്ക് കഴിയും. പക്ഷേ ഫ്രാൻസിൻ്റെ ഗോൾ പോസ്റ്റ് തകർത്ത് അതിൻ്റെ ഉത്തരം പ്രാക്ടിക്കലായി വരച്ചുകാട്ടാൻ നമ്മുടെ നാട്ടിലെ എസ് എസ് എൽ സിക്ക് തുല്യമായ ഇ എസ് ഒ എക്സാം എഴുതിയ നേരത്ത് കഴിയണമെങ്കിൽ അവൻ്റെ പേര് ലാമിൻ യമാലെന്നായിരിക്കണം.


ഇതിഹാസങ്ങൾ പോലും ഈ അത്ഭുത ബാലന് മുന്നിൽ തലകുനിച്ചു. സാക്ഷാൽ ലയണൽ മെസ്സി ഒരിക്കൽ പറഞ്ഞു: "യമാൽ ഒരു അസാധാരണ പ്രതിഭയാണ്, വരും വർഷങ്ങളിൽ ലോകം അവൻ്റേതായിരിക്കും." ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകളിൽ അത് കൃത്യമായിരുന്നു: "ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള എല്ലാ യോഗ്യതയും അവൻ്റെ കാലുകളിലുണ്ട്."


ഇതിഹാസങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു, ഫുട്ബോൾ സിംഹാസനത്തിൻ്റെ അടുത്ത അവകാശി അവനാണെന്ന്.


ലാലിഗ കിരീടം ചൂടി നിൽക്കുന്ന നേരത്ത് ഫലസ്തീൻ പതാക ഉയർത്തിപ്പിടിച്ച് അവൻ ഒരു വലിയ സന്ദേശം ലോകത്തിന് സമ്മാനിച്ചു, അഭയാർഥികൾക്കും നീതിനിഷേധിക്കപ്പെടുന്നവർക്കുമൊപ്പം ഞാനുണ്ടാകും.


കണ്ടതെല്ലാം യമാലിൻ്റെ കരിയറിൻ്റെ തുടക്കം മാത്രമാണ്. 19 വയസ്സിനുള്ളിൽ അവൻ ലോകകപ്പും യൂറോകപ്പും സ്വന്തമാക്കിയിരിക്കുന്നു. റെക്കോർഡുകളുടെ കണക്കുപുസ്തകം തിരുത്തിയെഴുതാൻ അവനു മുന്നിൽ കാലങ്ങൾ നീണ്ടു നിവർന്നു കിടക്കുകയാണ്. കാലിൽ പന്തുമായി അവൻ ഓടിത്തീർക്കാൻ പോകുന്ന ദൂരങ്ങൾ ഫുട്ബോൾ ചരിത്രത്തിലെ സുവർണ താളുകളായി മാറുമെന്നുറപ്പാണ്. കൗമാരക്കാരനായ കാറ്റലോണിയൻ മാന്ത്രികൻ്റെ സമാനതകളില്ലാത്ത ജൈത്രയാത്രയ്ക്കായി നമുക്ക് കാത്തിരിക്കാം.

​Content Highlight :

Lamine Yamal's meteoric rise from the streets of Roca Fonda to the pinnacle of global football stands as one of the most remarkable teenage prodigy stories in sports history. After making history with La Masia, breaking El Clásico and Euro Championship records, the teenage sensation led Spain to a World Cup victory over Argentina, living up to the high praise of legends like Lionel Messi and Cristiano Ronaldo. Equipped with legendary dribbling, lethal cut-ins, and world-class vision, Yamal has firmly solidified his status as the immediate heir to the football throne.

Previous Post Next Post