പച്ചപ്പുൽമൈതാനത്തെ കറുത്ത മുത്ത്. സാമ്പാ താളത്തിൻ്റെ ജീവൻ. അതാണ് വിനീഷ്യസ് ജൂനിയർ!
ഫുട്ബോൾ ഇതിഹാസങ്ങൾ പിറന്ന റിയോ ഡി ജനീറോയിലെ തെരുവുകളിൽ നിന്നാണ് അവൻ്റെയും ഉദയം.
മിക്ക ബ്രസീൽ താരങ്ങളെയും പോലെ കളിമൺ മൈതാനങ്ങളിൽ ദാരിദ്ര്യത്തിൻ്റെയും അവഗണനയുടെയും നടുവിൽ നിന്നാണ് ആ കാൽപ്പാടുകൾ ലോകത്തിൻ്റെ നെറുകയിലേക്ക് നടന്നുകയറിയത്.
ഫ്ലെമെംഗോയുടെ യൂത്ത് അക്കാദമിയിൽ പന്തുരുട്ടി തുടങ്ങിയപ്പോൾ പലരും അവനെ വെറുമൊരു 'ക്ലബ് പ്രൊഡക്റ്റ്' എന്ന് വിളിച്ച് എഴുതിത്തള്ളി. യൂറോപ്പിലെ വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോഴും വിമർശകർ അവൻ്റെ ഫിനിഷിംഗിനെ പരിഹസിച്ചു, അവൻ്റെ വേഗതയെ അവിശ്വസിച്ചു.
എന്നാൽ അതൊന്നുമല്ല അവൻ നേരിട്ട ഏറ്റവും വലിയ വേദന. സ്പാനിഷ് മൈതാനങ്ങളിൽ വംശീയതയുടെ വിഷപ്പാമ്പുകൾ അവനു നേരെ ഫണം വിടയർത്തിയാടി. ഗാലറികളിൽ നിന്ന് ഉയർന്ന കുരങ്ങൻ വിളികളും വംശീയാധിക്ഷേപങ്ങളും ആ കൗമാരക്കാരൻ്റെ മനസ്സിനെ തളർത്താൻ നോക്കി.
കറുത്തവനായതു കൊണ്ടു മാത്രം അവൻ നേരിട്ട വേട്ടയാടലുകൾ എത്രയോ വലുതാണ്! പക്ഷേ, കരഞ്ഞിരിക്കാൻ അവൻ തയ്യാറായില്ല.
കണ്ണീരിനെ അവൻ കനലാക്കി മാറ്റി.
ആ കനലിന് പ്രണയത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ജീവശ്വാസം പകർന്നുനൽകിയത് കാർലോ ആഞ്ചലോട്ടി എന്ന തന്ത്രജ്ഞനാണ്.
കോച്ചിനപ്പുറം ഒരു പിതാവിനെപ്പോലെ ആഞ്ചലോട്ടി വിനിയെ ചേർത്തുപിടിച്ചു. "നീയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ" എന്ന് ആ കാതുകളിൽ മന്ത്രിച്ചു. ആ വാക്കുകൾ വിനീഷ്യസിന് നൽകിയ പ്രചോദനം ചെറുതല്ല.
ഡോൺ കാർലോയുടെ വാക്കുകൾ വിനിയെ കൂടുതൽ അപകടകാരിയായ പോരാളിയാക്കി മാറ്റി.
ഇന്ന്, 2026-ൻ്റെ ഈ ലോകകപ്പ് വേദിയിൽ നാം കാണുന്നത് ആ പോരാട്ടവീര്യത്തിൻ്റെ സൗന്ദര്യമാണ്.
ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരവും റയൽ മാഡ്രിഡിനായി രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ലാലിഗയും മറ്റു നേട്ടങ്ങളുമെല്ലാം സ്വന്തമാക്കിയപ്പോഴും അവനെ വിമർശകർ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ അവൻ്റെ കാലുകൾക്ക് എല്ലാ വിമർശകരെയും വായടപ്പിക്കാനുള്ള കരുത്തുണ്ടെന്ന് കാലം തെളിയിച്ചു.
ബ്രസീലിനായി ഈ കാനറിപ്പക്ഷി അമേരിക്കൻ സ്‌റ്റേഡിയങ്ങളിൽ പറന്നുകളിക്കുകയാണ്. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും അവൻ തൻ്റെ പേരിൽ എഴുതിച്ചേർത്തു. ഗോൾവേട്ടക്കാരുടെ പട്ടികയിലേക്ക് ഇരച്ചുകയറി. ഒരു ലോകകപ്പിലെ എല്ലാ ഗ്രൂപ് ഘട്ട മത്സരങ്ങളിലും ഗോളടിച്ച സാക്ഷാൽ റൊണാൾഡോ നസാരിയോയുടെയും റിവാൾഡോയുടെയും റെക്കോർഡിൽ വിനിയും പങ്കുപറ്റി.
ഡിഫെൻഡർമാരെ കാഴ്ചക്കാരാക്കി വായുവേഗത്തിൽ അവൻ കുതിക്കുമ്പോൾ, ഗാലറികളിൽ വിനി വിനി എന്ന് ആരാധകർ ആരവം മുഴക്കുകയാണ്
വംശീയതയുടെ വിഷം ചീറ്റിയവർക്കുള്ള മറുപടി അവൻ തൻ്റെ ബൂട്ട് കൊണ്ട് എഴുതിച്ചേർക്കുകയാണ്.
ഈ സുന്ദരമായ യാത്രയിൽ അവന് കൂട്ടായി, തലമുറകളുടെ കൈമാറ്റമെന്നോണം സാക്ഷാൽ നെയ്മർ ജൂനിയറും ആ കളിമുറ്റത്തേക്ക് ഇറങ്ങിക്കഴിഞ്ഞു.
നെയ്മറിൻ്റെ മാന്ത്രിക സ്പർശവും വിനിയുടെ അടിയുറച്ച ആത്മവിശ്വാസവും ചേരുമ്പോൾ ബ്രസീലിയൻ ആരാധകരുടെ നെഞ്ചിൽ ആറാം ലോകകപ്പ് എന്ന സ്വപ്നം കൂടുതൽ ദൃഢമാവുകയാണ്.
അധിക്ഷേപിച്ചവർക്ക് മുന്നിൽ, തളർത്താൻ നോക്കിയവർക്ക് മുന്നിൽ, ഇന്ന് വിനീഷ്യസ് ജൂനിയർ പുഞ്ചിരിച്ച് നിൽക്കുന്നു. ആ പുഞ്ചിരിക്ക് കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും തിളക്കമുണ്ട്.
ഇനി വിനിയുടെ സമയമാണ്, ഇത് കറുത്ത വംശജൻ്റെ അതിജീവനത്തിൻ്റെ കഥ!